Friday, December 23, 2011

 
ചക്രവാള സീമയിലാരോ സന്ധ്യാദീപം പോലെ
ഒരു പൊന്‍ പുഞ്ചിരിയുമേന്തി വരുന്നയവ-
ളാണോയി പ്രപഞ്ചദീപം..?
രാത്രി തന്‍ കൈകളില്‍ കിടന്നവളുറക്കമായോ.?
അതോ, ഭൂമിതന്‍ നിശ്വാസം വരവേല്‍ക്കുകയോ..?
കണ്‍കളില്‍ ചുടുകണ്ണീരുമായവളാരാഞ്ഞൂയീയമ്മയോടായ്..
അമ്മതന്‍ മാറോടണഞ്ഞു ചേരാനാകാത്ത ഞാനെത്ര പാപി..?
പാപിയാമെന്നെയേറ്റുന്ന വാനമോ..?
     അലയടിച്ചുയരുന്ന തിരമാലകള്‍ തന്‍ നൃത്തവും 
     താമരപ്പൊയ്കയെ തഴുകിയുണര്‍ത്തുന്ന മന്ദമാരുതന്‍
     തന്‍ വാത്സല്യവും...
     ഞാനറിയുന്നില്ലയെന്തേ..?
     നിറമാര്‍ന്നു പൊഴിയുന്ന വാര്‍ മഴവില്‍ പോലെ നീ
     അരികത്തു വന്നണയാന്‍ ഞാന്‍ കാത്തിരിപ്പൂ...
     അതും വെറുതെ മോഹിച്ചതാവാം....

       ബസ്റ്റോപ്പ് എത്താറായപ്പോള്‍ പതിവുപോലെ എന്റെ കണ്ണുകള്‍ അവരെ തിരഞ്ഞു. റോഡരികിലേക്കെത്തി. എന്റെ മനസ്സും കണ്ണുകളും അവളുടെ നിഴല്‍ കാണാന്‍ ഒരു പോലെ തുടിച്ചെങ്കിലും എനിക്ക് അതിനായില്ല. ആ വഴി മുഴുവന്‍ ഞാന്‍ ശ്രദ്ധയോടെ നോക്കി. പക്ഷെ .... ഓരോ മനുഷ്യനും സഹതാപത്തോടെയും കൗതുകത്തോടെയും നോക്കുന്ന ആ രൂപം ഇന്ന് കുപ്പക്കുഴികള്‍ക്കിടയില്‍ കണ്ടില്ല. എന്റെ കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപ്പെടുന്നത് പോലെ തോന്നും. ഞാന്‍ വളരെ ആകാംക്ഷയോടെ ആകാശത്തേക്കു നോക്കി. ഈ ലോകം മുഴുവന്‍ വെളിച്ചം പരത്തുന്ന സൂര്യന്‍ പതിവുപോലെ വാനില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. പിന്നെ എന്തു കൊണ്ട് എന്റെ മിഴികള്‍ക്ക് അവളെ കണ്ടെത്താനായില്ല? ഞാനീ ബസ്സില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയ നാള്‍ മുതലേ അവള്‍ വഴിയില്‍ നിന്നും ദുര്‍ഗന്ധം തുടച്ചു നീക്കിയിരുന്നു. അവള്‍ എവിടെപ്പോയി? അവള്‍ക്കെന്തെങ്കിലും അപകടം സംഭവിച്ചിരിക്കുമോ എന്ന ചോദ്യം എന്നെ അലട്ടിക്കൊണ്ടേയിരുന്നു. അവളെ ആദ്യമായ് കണ്ട നാള്‍ മുതലുള്ള ഓരോ ഓര്‍മ്മകളും എന്റെ മനസ്സില്‍ നിറഞ്ഞു നിന്നു.
        കോളേജിലെ ആദ്യ ദിനത്തില്‍ ഭയവും ആകാംക്ഷയും നിറഞ്ഞ മനസ്സോടെയായിരുന്നു യാത്ര. യാത്രക്കിടയില്‍ കണ്ട ഓരോ കാഴ്ചകളിലും ശ്രദ്ധപതിപ്പിച്ചുകൊണ്ട് ഞാനെന്റെ മനസ്സിനെ ശാന്തമാക്കി.അതിനിടയില്‍ വളരെ വേദനയോടെ ഞാനൊരു കാഴ്ച കണ്ടു. ഇതു വരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ആ കാഴ്ച. കറുത്ത ശരീരം, അഴുക്കു നിറഞ്ഞ വസ്ത്രം... എങ്കിലും ആ രൂപം എന്റെ മനസ്സില്‍ എവിടെയോ ഇടം പിടിച്ചു, വലതു കയ്യില്‍ തൂങ്ങിപ്പിടിച്ചിരുന്ന ഒരു കൊച്ച് കുഞ്ഞ്. ഇടതു കയ്യില്‍ വലിയൊരു ചാക്ക്. ലോകം മുഴുവന്‍ ഉപയോഗിച്ചു വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളെല്ലാം അവള്‍ ആ ചാക്കില്‍ നിറച്ച് ചുമലിലേറ്റും. രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ കുഞ്ഞിനെ കാണാതായി. അവള്‍ ഒറ്റക്കാണ് എന്റെ കണ്ണിനു മുന്നില്‍ പ്രത്യക്ഷപ്പെടാറ്. ആ കാഴ്ച വൈകാതെത്തന്നെ നഷ്ടമാവുകയും ചെയ്തു. സ്റ്റോപ്പു കഴിഞ്ഞ്  ബസ്സ് യാത്ര തുടങ്ങി കോളേജിലെത്തും വരെ എന്റെ മനസ്സില്‍ ആ ദയനീയ മുഖം മാത്രമായിരിക്കും. ആ കുഞ്ഞെവിടെപ്പോയി എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെങ്കിലും എനിക്കതിന് ഉത്തരം കിട്ടിയില്ല. ആവളെ ഒന്ന് നേരില്‍ കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.